കമ്പരാമായണം
ഭാഗം 10*
ഓം ഗം ഗണപതയേ നമഃ
ബാലകാണ്ഡം
വിശ്വാമിത്രമഹർഷി
കുശികവംശജാതനും ഗാഥിനന്ദനനും വിശ്വവിശ്രുതനും ആയ വിശ്വാമിത്രൻ ധൈര്യവീരവിക്രമശാലിയായ ഒരു രാജേന്ദ്രനായിരുന്നു. നായാട്ടിനായി കാട്ടിലെത്തിയ വിശ്വാമിത്രൻ തിരിച്ചു പോകുമ്പോൾ വസിഷ്ഠ ആശ്രമത്തിൽ ചെന്നു. വസിഷ്ഠ മഹർഷി വിശ്വാമിത്രനും കൂടെയുണ്ടായിരുന്ന പുത്രന്മാർക്കും സേനകൾക്കും വേട്ടപട്ടികൾക്കും വിഭവസമൃദ്ധമായ ആഹാരം നൽകി .
സുഖനിബന്ധങ്ങളായ ശയ്യോപകരണങ്ങളും കൊടുത്തു. രാജസരീതിയിൽ സുലഭമായി സല്ക്കരിച്ചു. സർവ്വകാമപ്രസവയായ ദിവ്യ കാമധേനുവിന്റെ പ്രഭാവം കൊണ്ടാണ് നിർലോഭവും സ്വർല്ലോകസുലഭവുമായ ഈ സല്കാരം വിഭവഹീനമായ ആശ്രമ പ്രദേശത്ത് നടത്താൻ വസിഷ്ഠന് സാധിച്ചത്. പിറ്റേന്ന് യാത്രാരംഭത്തിൽ കാമധേനുവിനെ തനിക്ക് തരണമെന്ന് വിശ്വാമിത്രൻ വസിഷ്ഠനോട് ആവശ്യപ്പെട്ടു. ധേനു സ്വതന്ത്രയാണെന്നും തനിക്ക് തരാൻ നിവൃത്തിയില്ലെന്നും വസിഷ്ഠൻ അറിയിച്ചു.
എന്നാൽ ഞാൻ പശുവിനെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വാമിത്രൻ പശുബന്ധനത്തിന് തുനിഞ്ഞു. തന്നെ ബന്ധത്തിൽ ആക്കാൻ അടുത്ത് രാജസേനകളെ കാമധേനുവും, തന്നെ ആക്രമിക്കാൻ മുതിർന്ന രാജപുത്രന്മാരെ വസിഷ്ഠനും പെട്ടെന്ന് സംഹരിച്ചു കളഞ്ഞു. അപ്രതീക്ഷിതമായ പരാജയത്തിൽ പരിഭ്രാന്തനായ വിശ്വാമിത്രൻ പരമശിവനെ തപസ്സു ചെയ്ത് ഒരു ആഗ്നേയാസ്ത്രം സമ്പാദിച്ചു അത് പ്രയോഗിച്ചു. അതും ഫലപ്പെട്ടില്ല. തപസ്യയുടെ മഹിമ അറിഞ്ഞ വിശ്വാമിത്രൻ കിഴക്കേ ദിഗന്തത്തിൽച്ചെന്ന് ബ്രഹ്മാവിനെ തപസ് ആരംഭിച്ചു.
അതിശക്തമായ തപശക്തി കണ്ട് ഭയന്ന ഇന്ദ്രൻ മേനകയെ അയച്ച് വിശ്വാമിത്രന്റെ തപസ്സിന് ഭംഗം വരുത്തി. മേനകയ്ക്കും വിശ്വാമിത്രനും ശകുന്തള എന്ന പുത്രി ജനിച്ചു. തപശ്ശക്തിക്കു വിഘ്നം വന്ന വിശ്വാമിത്രൻ, രണ്ടാമത് വടക്കേദിഗന്തത്തിൽ ചെന്ന് തപസ്സ് ആരംഭിച്ചു. ഈ സമയത്ത് ഉടലോടെ സ്വർഗ്ഗവാസം കൊതിച്ച ത്രിശങ്കുവിനെ സ്വർഗ്ഗത്തിൽ എത്തിക്കാൻ കഴിയാഞ്ഞത് കാരണം പുതിയൊരു സ്വർഗ്ഗം സൃഷ്ടിച്ചു. ആ സ്വർഗ്ഗത്തിൽ പുതിയ ഇന്ദ്രനെയും ബ്രഹ്മാവിനെയും സൃഷ്ടിക്കാൻ ആരംഭിച്ചപ്പോൾ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പുതുസൃഷ്ടിയിൽ നിന്നും വിരമിക്കാൻ അറിയിച്ചു . അനന്തരം മൂന്നാമത് പടിഞ്ഞാറേദിഗന്തത്തിൽ പ്രവേശിച്ച് പിന്നെയും തപസ്സു തുടങ്ങി . അക്കാലത്ത് അംബരീഷൻ യാഗത്തിൽ നരബലിക്ക് കൊണ്ടുപോയ ശുനഃശേഫനെ ഋഷി , മൃതിഭീതിയിൽ നിന്നും രക്ഷിച്ച് സ്വതന്ത്രനാക്കി.
നാലാമത് തെക്കേദിഗന്തത്തിലിരുന്നു അനേകായിരം വർഷം കഠിന തപസ്സ് ചെയ്തു. അപ്പോൾ സത്യഹരിശ്ചന്ദ്രനെ അസത്യവാനാക്കി , ഹരിചന്ദ്രന്റെ കുലഗുരുവായ വസിഷ്ഠനെ നിസാരനാക്കി തരംതാഴ്ത്താൻ സാഹസങ്ങൾ ചെയ്തു നോക്കി. ഒടുവിൽ ഭൂമധ്യസ്ഥാനത്തുനിന്ന് അത്യന്തതീവ്രമായ തപസ്സനുഷ്ഠിച്ച് ഐശ്വര്യഷ്ടകം സ്വായത്തമാക്കി. ആദ്യം നാലുദിഗന്തങ്ങളിലുമിരുന്ന് നടത്തിയ മഹാതപസ്സുകളുടെ വരഫലമായി ഋഷി, മഹർഷി, ദേവർഷി, ബ്രഹ്മർഷി, മഹാബ്രഹ്മർഷി ഈ സ്ഥാനങ്ങൾ ഉത്തരോത്തര മഹിമകളോടുകൂടി വിശ്വാമിത്രൻ സമ്പാദിച്ചിട്ടുണ്ടായിരുന്നു*.
( തുടരും.... )
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

No comments:
Post a Comment