ശ്രീമദ് ദേവി ഭാഗവതം
ദിവസം 6 (ശൌനക. പ്രശ്നം- 1)
ഓം ശ്രീ ചൈതന്യ രൂപാം
താമാദ്യാം വിദ്യാം ച ധീമഹി
ബുദ്ധിം യാ ന: പ്രചോദയാത്
താമാദ്യാം വിദ്യാം ച ധീമഹി
ബുദ്ധിം യാ ന: പ്രചോദയാത്
സൂത സൂത മഹാഭാഗ ധന്യോ fസി പുരുഷര്‍ഷഭ
യദധീതാ ത്വയാ സമ്യക് പുരാണ സംഹിതാ: ശുഭാ:
യദധീതാ ത്വയാ സമ്യക് പുരാണ സംഹിതാ: ശുഭാ:
സര്‍വ്വചൈതന്യമൂര്‍ത്തിയും ബുദ്ധിക്ക് പ്രചോദനമേകുന്നതുമായ വിദ്യയെ മനസാ ധ്യാനിച്ചുകൊണ്ട് നമുക്കാരംഭിക്കാം.
ശൌനകന്‍ പറഞ്ഞു: പുരുഷ ശ്രേഷ്ഠനായ സൂതാ, സത്പുരാണപാരംഗതനായ അങ്ങ് എത്ര ധന്യന്‍! കൃഷ്ണദ്വൈപായനന്‍ വിരചിച്ചതായ പതിനെട്ടു പുരാണങ്ങളും അങ്ങ് പഠിച്ചിരിക്കുന്നു. അവയാണെങ്കില്‍ അഞ്ചു ലക്ഷണങ്ങളും ഗൂഢമായ അര്‍ത്ഥങ്ങളും നിറഞ്ഞവയാണ്. സത്യവതീപുത്രനായ വ്യാസനില്‍ നിന്നും അവയുടെ അന്തരാര്‍ത്ഥങ്ങള്‍ അങ്ങ് മനസ്സിലാക്കിയിട്ടുമുണ്ട്. കലിമലം തീണ്ടാത്ത ഈ പരിപാവനദേശത്ത് അങ്ങെത്തിച്ചേര്‍ന്നത് ഞങ്ങളുടെ പുണ്യത്താലാണ്. ഞങ്ങള്‍ മുനിമാരുടെ ഈ സംഘം പുരാണശ്രവാണോല്‍സുകരായി വന്നിരിക്കുന്നു. ദയവായി കഥ ആരംഭിച്ചാലും. അങ്ങേയ്ക്ക് താപത്രയങ്ങളില്‍ നിന്നും മുക്തിയുണ്ടാവട്ടെ. വേദസന്നിഭമായ കഥകളെ കേള്‍ക്കാത്ത കാതുകള്‍ എന്തിനാണ്! കേള്‍ക്കാനും ആസ്വദിക്കാനും കഴിവുണ്ടെങ്കിലും പുരാണം കേള്‍ക്കാത്തവര്‍ ദൈവശാപമേറ്റവര്‍ തന്നെ. എരിവ്, പുളി മുതലായ ആറ് രസങ്ങള്‍ രസനയ്ക്ക് എങ്ങിനെ രസമേകുന്നുവോ അതുപോലെ ബുദ്ധിമാന്‍മാരായ മഹത്തുക്കളുടെ വചനങ്ങള്‍ കാതിനെ രസിപ്പിക്കുന്നു. കാതില്ലാത്ത ഉരഗങ്ങള്‍ പോലും സംഗീതത്തില്‍ ലയിക്കുന്നു.
ചെവിയുണ്ടായിട്ടും ഇത് കേള്‍ക്കാത്തവര്‍ ബധിരര്‍ തന്നെയാണ്, തീര്‍ച്ച. കലിഭീതരായ മാമുനിമാര്‍ ഈ നൈമിശാരണ്യത്തില്‍ കഥോല്‍സുകരായാണ് വന്നിരിക്കുന്നത്.
മൂഢന്മാര്‍ തങ്ങളുടെ ഇഹലോക
വാസക്കാലം ദുഖിച്ചു കഴിയുന്നു. വിദ്വാന്മാര്‍ ശാസ്ത്രചിന്തയില്‍ സമയം കഴിക്കുന്നു. ശാസ്ത്രങ്ങളില്‍ സാത്വികമായുള്ളത് വേദാന്തമാണ്. മീമാംസകള്‍ രാജസവും തര്‍ക്കശാസ്ത്രം താമസവുമാണ്. കുതര്‍ക്കവും ഹേതു നിര്‍ണ്ണയവും നിറഞ്ഞ ന്യായശാസ്ത്രം വിചിത്രമാണ് എന്നും നമുക്കറിയാം. പുരാണങ്ങളിലും ഇങ്ങിനെ ത്രിഗുണാത്മകങ്ങളായ അനേകം കഥകളുണ്ട്. വേദതുല്യമായ അഞ്ചാംവേദമായി അങ്ങുതന്നെ ഭാഗവതത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളും മുക്തിയും പ്രദാനം ചെയ്യാനുതകുന്ന കഥകളില്‍ ചിലത് മാത്രം അങ്ങയില്‍ നിന്നും ഞങ്ങള്‍ കേട്ടു. ഇനി ഈ പുരാണത്തെ വിശദമായി പറഞ്ഞു തരാന്‍ ദയവുണ്ടാവനം.
സത്വ ഗുണനിധിയായ അങ്ങേയ്ക്ക് വ്യാസനിര്‍മ്മിതമായ ഭാഗവതം നന്നായറിയാം. ദേവന്മാര്‍ക്ക് അമൃതിലുള്ള ആശ തീരാത്തതുപോലെ ഞങ്ങള്‍ താപസര്‍ക്ക് അങ്ങയുടെ മുഖദാവില്‍ നിന്നും വരുന്ന കഥാമൃതമുണ്ട് മതി വരുന്നില്ല. അമൃത് കഴിക്കുന്നവര്‍ക്ക് മുക്തി ലഭിക്കണമെന്നില്ല, എന്നാല്‍ ഭഗവതാമൃതം ഉണ്ണുന്നത് മുക്തിദായകമത്രേ. ഞങ്ങള്‍ യജ്ഞങ്ങള്‍ അനവധി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ മനസ്സില്‍ പ്രശാന്തിയുണ്ടായിട്ടില്ല. യാഗങ്ങള്‍ക്ക് സദ്‌ഫലമുണ്ട് എന്നാലത് വെറും നൈമിഷികം മാത്രം. ഫലത്തിന്റെ അനുഭവകാലം കഴിഞ്ഞാല്‍ നാം തിരികെ വരണമല്ലോ! സംസാരചക്രത്തില്‍ നിരന്തരമായി ചുറ്റാന്‍ വിധിക്കപ്പെട്ടവരാണ് നാം. എന്നാല്‍ ജ്ഞാനമാണ് ഈ അനന്തമായ ചംക്രമണത്തെ അവസാനിപ്പിക്കുന്നത്. അത് ലഭിക്കാന്‍ ഗുഹ്യമാണെങ്കിലും രസനിഷ്യന്തിയായ ഭാഗവതം ഈ മുമുക്ഷുക്കള്‍ക്കായി പകര്‍ന്നു തരാന്‍ ദയവുണ്ടാവണം.
🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏
No comments:
Post a Comment