Sunday, August 26, 2018

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം : -



**********************************

ഐതീഹ്യം:-
തലമുറക്കാരും ജ്യോതിഷപണ്ഡിതന്മാരും 600 വർഷത്തിലേറെ പഴക്കം നിർണ്ണയിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം ഇപ്രകാരമാണ് അറിയപ്പെടുന്നത്. വനശൈലാദ്രി സ്ഥാനനിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണപൂർവ്വഭാഗത്തൂ നിന്നാണെന്നും വേദശാസ്ത്രവിജ്ഞാനിയായ ഒരു ബ്രാഹ്മണാചാര്യന്റെ ഉപാസനാമൂർത്തിയായി പരിലസിച്ചിരുന്ന ആ ദേവിയെ തന്ത്രിവര്യന്റെ സന്തതസഹചാരിത്വം സിദ്ധിച്ച മഠത്തുവീട് തറവാട്ടിലെ കുടുംബകാരണവരായ യോഗിവര്യന് ഉപാസിച്ചുകൊള്ളുവാൻ തന്ത്രി ഉപദേശിച്ചിട്ടുള്ളതും, അപ്രകാരം സിദ്ധിച്ച ദേവി ഒരു ബാലികാരൂപത്തിൽ സാന്നിദ്ധ്യം ചെയ്ത് ഗുരുവിന്റെയും യോഗീശ്വരന്റെയും കൂടെ പുറപ്പെട്ട് തറവാട്ടിൽ (കരിക്കകം ക്ഷേത്രസ്ഥാനം) വന്ന് പച്ചപ്പന്തൽ കെട്ടി ദേവിയെ കുടിയിരുത്തുകയും അതിനുശേഷം ക്ഷേത്രങ്ങൾ പനികഴിപ്പിച്ച് ഗുരുവിനെക്കൊണ്ടുതന്നെ വിധിപ്രകാരം ദേവിയെ പ്രതിഷ്ഠിച്ച് പൂജാദി കർമ്മങ്ങൾ നടത്തിയതിൽ ദേവി ആരാധനാമൂർത്തിയായി സാന്നിദ്ധ്യം ചെയ്ത് ത്രിഗുണാത്മകയായും ഭക്തജനങ്ങൾക്ക് അഭീഷ്ടവരദായിനിയായും പരിലസിച്ചു പോരുന്നു.
മുൻകാലങ്ങളിൽ 'ദിക്ക്ബലി' എന്ന ഒരു ചടങ്ങിനു ദേവി പുറത്തെഴുന്നള്ളുമായിരുന്നു. കോളറ, വസൂരി തുടങ്ങിയ മാരക രോഗങ്ങൾ നാട്ടിൽ പടർന്നു പിടിക്കുമ്പോൾ, നാട്ടുകാരുടെ ആവശ്യപ്രകാരമാണ് അത്തരത്തിൽ ഒരു ചടങ്ങ് നടത്തിയിരുന്നത്. അതിനു നിർബ്ബന്ധമായും പരമ്പരാഗത രീതിയിലുള്ള വാദ്യമേളങ്ങൾ ഉണ്ടായിരിക്കുകയും, അനുഷ്ഠാനങ്ങൾ പാലിക്കുകയും, ചെയ്തിരുന്നു. ഉദ്ദേശം 8 കിലോമീറ്റർ ചുറ്റളവിൽ നാലു ദിക്കിലായി ഇതിന്റെ പൂജകളും കുരുതിയും നടത്തിയിരുന്നു. ഇന്ന് അത് ഉത്സവനാളിൽ ദേവിയുടെ പുറത്തെഴുന്നള്ളത്തായി ആചരിച്ചുവരുന്നു.

ദേവിനട:-
********************
ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിൽ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുൻകാലങ്ങളിൽ വെള്ളിമുഖത്തോടുകൂടിയ കലമാൻകൊമ്പിൽ മൂലസ്ഥാനത്ത് പീഠത്തിലാണ് പ്രതിഷ്ഠയായിരുന്നു. പ്രശ്നവിധിയിൽ ഭക്തർക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാർദ്ധിക്കാൻ വിഗ്രഹപ്രതിഷ്ഠ വേണം എന്ന് കണ്ടതിനെത്തുടർന്ന് തച്ചുശാസ്ത്ര വിധിപ്രകാരം പഴയ ശ്രീകോവിൽ അതേ അളവിൽ നിർമ്മിച്ച് ദേവിയെ പഞ്ചലോഹവിഗ്രഹത്തിൽ ഷഢാധാരവിധിപ്രകാരം 1997 മാർച്ച് 21 ന് പ്രതിഷ്ഠിച്ചിരിക്കുന്നു. നിത്യശാന്തിക്കും മാറാരോഗങ്ങൾ മാറുന്നതിനും വേണ്ടി ആയിരക്കണക്കിന് ആളുകൾ ദേവിയെ ദിനംപ്രതി തൊഴുതുമടങ്ങുന്നു. പ്രത്യേകമായി ദേവിക്ക് ഒരുനേരത്തെ പൂജ നടത്താവുന്നതാണ്. ഇത് 'ദേവിനടയിലെ പൂജ' എന്നാണു അറിയപ്പെടുന്നത്. കഷ്ടതകളും ദുരിതങ്ങളും ദേവി കടാക്ഷത്താൽ മാറിക്കിട്ടുന്നതിനാണ് ഈ പൂജ നടത്തുന്നത്.

കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. അർച്ചന, രക്തപുഷ്പാർച്ചന, സ്വയംവരാർച്ചന, സഹസ്രനാമാർച്ചന, പാൽപ്പായസം, പഞ്ചാമൃതാഭിഷേകം, നെയ്യ് വിളക്ക്, വച്ചുനിവേദ്യം,പൌർണ്ണമിപൂജ, സാരിച്ചാർത്ത്, പിടിപ്പണം വാരൽ, ഉടയാടകൾ നേർച്ച എന്നിവ ഈ നടയിൽ വഴിപാടായി നടത്താവുന്നതാണ്. രാവിലെ നിർമ്മാല്യ ദർശനം കഴിഞ്ഞാൽ ഉടൻ ദേവിക്ക് നടത്താവുന്ന വഴിപാടാണ് പഞ്ചാമൃതാഭിഷേകം. കാര്യങ്ങൾ താമസം കൂടാതെ നടക്കുന്നതിനും, ദോഷങ്ങൾ മാറിക്കിട്ടുന്നതിനുമായി ദേവിക്ക് തുടർച്ചയായി 13 വെള്ളിയാഴ്ച രക്തപുഷ്പാർച്ചന നടത്തുന്നതും ദേവിദർശനം ചെയ്യുന്നതും വളരെ ഉത്തമമാണ്. അതുകൂടാതെ ദേവിനടയിൽനിന്നും ദേഹസൌഖ്യത്തിനും ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കണ്ടു പേടിക്കാതിരിക്കുന്നതിനും ബാധകൾ കൊണ്ടുള്ള ദോഷങ്ങൾ മാറുന്നതിനും ചരട് ജപിച്ച് കെട്ടുന്നു. തകിടെഴുതി ദേവിപാദത്തിൽവെച്ച് 21 ദിവസം പൂജിച്ച് കെട്ടുന്നത് പ്രസവരക്ഷയ്ക്കും ദേഹരക്ഷയ്ക്കും മറ്റു ദോഷങ്ങളിൽ നിന്നുള്ള രക്ഷയ്ക്കും വളരെ ഉത്തമമാണ്.

രക്തചാമുണ്ഡിനട:-
**************************
ക്ഷിപ്രപ്രസാദിനിയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയുമായ ശ്രീരക്തചാമുണ്ഡി കുടികൊള്ളുന്ന ആലയമാണ് രക്തചാമുണ്ഡിനട. ഇവിടെ രൌദ്രഭാവത്തിലുള്ള രക്തചാമുണ്ഡിദേവിയുടെ ചുവർ ചിത്രമാണ്. പണ്ട് രാജഭരണകാലത്ത് നീതി നിർവ്വഹണത്തിനുവേണ്ടി ഈ സങ്കേതത്തിൽ വന്നു സത്യം ചെയ്യുക എന്നത് ഒരു ചടങ്ങായിരുന്നു. കോടതി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തെളിയാത്ത കേസുകൾക്ക് ഈ നടയിൽ വന്ന് സത്യം ചെയ്യുന്നത് നിത്യസംഭവമാണ്. ഇപ്പോഴും നാടിന്റെ നാനാഭാഗത്തുനിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും പണമിടപാടുകളിലെ പിശകുകൾക്കും മോഷണങ്ങൾക്കും പിടിച്ചുപറി, തട്ടിപ്പ്, ജോലി സംബന്ധമായ തടസ്സങ്ങൾ, വസ്തു ഇടപാടുകളിലെ തർക്കം എന്നിവയ്ക്ക് 101 രൂപ പിഴ അടച്ച് നട തുറന്ന് സത്യം ചെയ്യുകയും വിളിച്ചപേക്ഷിക്കുന്നതും തീർപ്പുകൽപ്പിക്കുന്നതും ഇവിടത്തെ നിത്യ സംഭവങ്ങളാണ്. ഈ നടയിലെ പ്രധാന പൂജ ശത്രുസംഹാരപൂജയാണ്. വിളിദോഷങ്ങൾ മാറുന്നതിനും ക്ഷുദ്രപ്രയോഗങ്ങൾ, പുതിയതായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ, കൈവിഷം, ദൃഷ്ടിദോഷം, ജാതകദോഷം, ശത്രുക്കൾ മുഖാന്തരം ഉണ്ടാകുന്ന ചതിപ്രയോഗങ്ങൾ എന്നിവയ്ക്ക് മുക്തി ലഭിക്കുന്നതിനാണ് പ്രത്യേക പൂജ നടത്തുന്നത്. രക്തചാമുണ്ഡിക്ക് കടുംപായസം, ചുവന്ന പട്ട്, പാവാട, തെറ്റിഹാരം, കോഴി, കിടാവ് എന്നീ നേർച്ചകളും, സ്വർണ്ണത്തിലും വെള്ളിയിലുമുള്ള പണ്ടങ്ങളും ആയുധങ്ങളും ദേവിക്ക് നടയ്ക്ക് വെയ്ക്കാവുന്നതാണ്. ഈ നടയിലെ നടതുറപ്പ്നേർച്ച ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 7.15 മുതൽ 11 മണി വരെയും വൈകുന്നേരം 4.45 മുതൽ 6 മണി വരെയും നടത്താവുന്നതാണ്. ഈ നടയിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ 'നടതുറപ്പ് നേർച്ച' നടത്തുന്നതിനു ദിനംപ്രതി അനേകംപേരാണ് വന്നെത്തുന്നത്.

ബാലചാമുണ്ഡിനട:-
**************************
ശാന്തസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ശ്രീ ബാലചാമുണ്ഡിദേവി കുടികൊള്ളുന്ന ആലയമാണ് ബാലചാമുണ്ഡിനട. ഇവിടെ സൗമ്യരൂപത്തിലുള്ള ശ്രീ ബാലചാമുണ്ഡിദേവിയുടെ ചുവർ ചിത്രമാണ് ഉള്ളത്. ദേവിനടയ്ക്കും രക്തചാമുണ്ഡിനടയ്ക്കും തൊട്ടു തെക്കു വശത്തായി ചണ്ഡമുണ്ഡനിഗ്രഹം കഴിഞ്ഞ് കോപമെല്ലാം ശമിച്ച് ശാന്തരൂപത്തിൽ ദേവി കുടികൊള്ളുന്നു എന്നാണു വിശ്വാസം. ദേവിയുടെ സൗമ്യരൂപത്തിലുള്ള സങ്കൽപ്പമായതിനാൽ കൂടുതലും കുട്ടികൾക്കുള്ള നേർച്ചയാണ് ഈ നടയിൽ നടത്തപ്പെടുന്നത്. സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് സന്താനഭാഗ്യം സിദ്ധിക്കുന്നതിനും, കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ബാലാരിഷ്ടതകൾ മാറുന്നതിനും 101 രൂപ പിഴയടച്ച് നട തുറന്നു വിളിച്ച് പ്രാർദ്ധിച്ചാൽ ദേവി അതിനുടനടി അനുഭവം നൽകുമെന്നാണ് വിശ്വാസം. ഇങ്ങനെ നട തുറന്നു പ്രാദ്ധിച്ച് കാര്യങ്ങൾ നടക്കുമ്പോൾ ഭക്തജനങ്ങൾ നേർച്ചയായി പ്രത്യേക പൂജ നടത്തുന്നു. കടുംപായസം, പട്ട്, മുല്ല പിച്ചി എന്നിവയിലുള്ള ഹാരങ്ങൾ, ഉടയാടകൾ, സ്വർണ്ണം, വെള്ളി എന്നിവയിലുള്ള രൂപങ്ങൾ, സന്താനലബ്ധിക്കായി തൊട്ടിലും കുഞ്ഞും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, മറ്റു സാധനങ്ങൾ, കുഞ്ഞൂണ്, തുലാഭാരം എന്നീ നേർച്ചകൾ നടത്താവുന്നതാണ്. വിദ്യാഭ്യാസം, കല, സാംസ്കാരിക രംഗങ്ങളിൽ ഉയർച്ച ഉണ്ടാകുന്നതിനും മത്സരപരീക്ഷകളിൽ വിജയിക്കുന്നതിനും വേണ്ടി ഇവിടെ നട തുറന്നു പ്രാർദ്ധിക്കുവാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ശ്രീ മഹാഗണപതി:-
*************************
ദേവിയോടൊപ്പം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരുന്ന വിഘ്നേശ്വരനെ ദേവിനടയ്ക്ക് തൊട്ടു തെക്കു വശത്തു പ്രത്യേകം ആലയം പണിത് പ്രതിഷ്ഠിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം നടത്തുന്നുണ്ട്. ഭക്തജനങ്ങൾ പുതിയതായി ഭവനനിർമ്മാണം, പുതിയ സംരംഭങ്ങൾ എന്നിവ ആരംഭിക്കുമ്പോഴും, ബിസ്സിനസ്സിലെ ഉയർച്ച എന്നിവയ്ക്കും മഹാഗണപതിഹോമവും ഗണപതിഹോമവും ഇവിടെ നേർച്ചയായി നടത്താവുന്നതാണ്. വർഷംതോറും വിനായകചതുർത്തിക്ക് 1008 നാളികേരത്തിന്റെ മഹാഗണപതിഹോമവും, വിശേഷാൽ പൂജകൾ, അഭിഷേകം, അപ്പംമൂടൽ എന്നിവയോടുകൂടി വിപുലമായി ആഘോഷിക്കുന്നു. ഗണപതി ക്ഷേത്രത്തിനു തൊട്ടു തെക്കു വശം പുറകിലായി പ്രത്യേകം ആലയത്തിൽ ബാലഗണപതിയേയും പ്രതിഷ്ഠിച്ചു പൂജ നടത്തിവരുന്നു. കേരളത്തിലെ മറ്റു ദേവിക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഗണപതി, ബാലഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഗണപതി ഭഗവാനു കറുകമാല, വെള്ളപ്പട്ട്, ഉണ്ണിയപ്പനിവേദ്യം എന്നിവ ഭക്തജനങ്ങൾക്കു നേർച്ചയായി അർപ്പിക്കാവുന്നതാണ്.

ധർമ്മശാസ്താവ് :-
***************************
ഗണപതി ക്ഷേത്രത്തിനു തൊട്ടു തെക്കു വശത്തായി ശ്രീധർമ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. വൃശ്ചികമാസത്തിലെ മണ്ഡലകാലയളവിൽ ശബരിമല മാലയിടൽ, കെട്ടുനിറയ്ക്കൽ എന്നിവയ്ക്കായി അനേകം ഭക്തജനങ്ങൾ ഇവിടെ എത്തുന്നു. വൃശ്ചികമാസം മണ്ഡലച്ചിറപ്പ്, മകരവിളക്ക് എന്നിവ വിശിഷ്ടമായ ചടങ്ങുകളായി ആഘോഷിക്കുന്നു. മകരമാസത്തിലെ രോഹിണി നക്ഷത്രമാണ് ശാസ്താപ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നത്. ശനിദോഷം മാറുന്നതിനു ഭക്തജനങ്ങൾക്കു നീരാജ്ഞ്ജനം വഴിപാട് നടത്താവുന്നതാണ്. ദോഷപരിഹാരത്തിനായി ശാസ്താവിനു ചിറപ്പ് പൂജയായി നടത്താം. നീലപ്പട്ട്, ജമന്തിഹാരം എന്നിവ നേർച്ചയായി നടയിൽ സമർപ്പിക്കാവുന്നതാണ്.

യക്ഷിയമ്മ:-
ശാസ്താക്ഷേത്രത്തിനു തൊട്ടു തെക്കു വശം പുറകിലായി ദേവിയെ ഉപാസനാമൂർത്തിയായി യോഗീശ്വരൻ കൊണ്ടുവന്നപ്പോൾ ദേവിയോടൊപ്പം ആഗമിച്ച യക്ഷിയമ്മയെ പ്രത്യേകം തറകെട്ടി പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടെ ചുവന്ന പട്ട്, ഹാരം എന്നിവ നേർച്ചയായി സമർപ്പിക്കാം.

ഭുവനേശ്വരി:-
ദേവിയെ വിഗ്രഹപ്രതിഷ്ഠ നടത്തിയ സമയത്ത് ശ്രീകോവിലിനുള്ളിൽ വിളയാടിക്കണ്ട ഉലകനായകി ഭുവനേശ്വരിയെ ശ്രീകോവിലിനു വെളിയിൽ പടിഞ്ഞാറു വശം പുറകിലായി കണ്ണാടി ബിംബത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പട്ട്, പൂമാലകൾ എന്നിവ നേർച്ചയായി സമർപ്പിക്കാവുന്നതാണ്.

ആയിരവല്ലി:-
ക്ഷേത്ര ചുറ്റുമതിലിനുവെളിയിൽ പുറകുവശം മുകളിൽ പ്രത്യേക ആലയം പണിത് ബാണലിംഗത്തിൽ ആയിരവല്ലിത്തമ്പുരാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ ആലയത്തിന്റെ പ്രത്യേകത, പണ്ടുകാലത്ത് ദേവി ക്ഷുദ്രശക്തികളുടെ പിടിയിലായിരുന്നപ്പോൾ ദേവിയുടെ മോചനത്തിനായി വേടന്മാരെ കൊണ്ടുവന്ന് ക്ഷേത്രത്തിൽ പൂജ നടത്തിയതായും അങ്ങനെ അവരുടെ പൂജയ്ക്കുള്ള ദക്ഷിണയായി അവരുടെ ആരാധനാമൂർത്തിക്ക് ദേവിയുടെ ആലയത്തിനു പുറകിലായി പ്രത്യേകം അതിരു തിരിച്ച് അമ്പലം പണിത് പ്രതിഷ്ഠിച്ചാൽ മാത്രമേ ദേവിക്ക് മോച്നമുണ്ടാവു എന്നും ജ്യോത്സ്യന്മാർ വിധിച്ചു. ആയിരവല്ലി ഒരു മല ദൈവമായതിനാൽ ക്ഷേത്രത്തിൽ നിന്നും മാറ്റി പ്രത്യേകമായി അതിരു തിരിച്ച് പ്രതിഷ്ഠ നടത്തിയിരിക്കുന്നു. കൂവളമാല, നാരങ്ങവിളക്ക് എന്നിവ ഭക്തജനങ്ങൾ നേർച്ചയായി ഈ നടയിൽ നടത്താവുന്നതാണ്.

ഗുരുമന്ദിരം:-
ദേവിയുടെ ആലയത്തിനു തൊട്ടു വടക്കുഭാഗത്തായി നിരയോടുകൂടി വീടിന്റെ മാതൃകയിൽ കാണുന്ന ആലയമാണ് ഗുരുമന്ദിരം. ഇതു പണ്ടുകാലത്ത് ദേവിയെ കൊണ്ടുവന്ന യോഗീശ്വരന്റെ കുടുംബതറവാട് ആയിരുന്നു എന്നും, ഇവിടെയാണ് ദേവിയെ ആദ്യമായി കൊണ്ടുവന്ന് യോഗീശ്വരനും ഗുരുവും ചേർന്ന് പച്ച പന്തൽ കെട്ടി കുടിയിരുത്തുകയും അതിനു ശേഷം ഗുരുവിന്റെ നിർദ്ദേശപ്രകാരം അമ്പലങ്ങൾ പണികഴിപ്പിച്ച് ദേവിയെ ഇന്നുകാണുന്ന ആലയങ്ങളിൽ ഗുരു പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുമാണ് ഐതീഹ്യം. ഇവിടെയാണ് ദേവിയുടെ മൂലസ്ഥാനം. പിന്നീടത് ദേവിയെ പ്രതിഷ്ഠിച്ച ഗുരുവിന്റെയും മന്ത്രമൂർത്തിയുടെയും ആലയങ്ങളായി പരിലസിച്ചുവരുന്നു. ഇവിടത്തെ പ്രത്യേകത ഗുരുവിനും മന്ത്രമൂർത്തിക്കും ആരാധനയ്ക്ക് പ്രത്യേകം മൂർത്തിഭാവമില്ല. സങ്കല്പം മാത്രമേയുള്ളൂ. ക്ഷേത്രങ്ങളിൽ വർഷംതോറും ഉത്സവമഹാമഹം ആഘോഷിക്കുമ്പോൾ ഇവിടെയാണ് ആദ്യത്തെ പൂജ നടക്കുന്നത്. ഇത് ഗുരുപൂജ എന്നാണു അറിയപ്പെടുന്നത്. ഗുരുമന്ദിരത്തിൽ വർഷംതോറും കർക്കിടകമാസത്തിലെ കാർത്തിക നക്ഷത്രത്തിനു മന്ത്രമൂർത്തിയുടെ ശ്രാദ്ധം ഊട്ട് (ബലിസദ്യ), സായൂജ്യപൂജ എന്നീ വിശിഷ്ടമായ പൂജകളോടും സദ്യകളോടുംകൂടി ആഘോഷിക്കുന്നു. ഈ നടയിൽ ചാർത്തുന്നതിനു ഭക്തജനങ്ങൾക്ക് പിച്ചിപ്പൂ ഹാരം, രുദ്രാക്ഷമാല, പുളിയിലക്കര നേര്യത് എന്നിവ നേർച്ചയായി സമർപ്പിക്കാവുന്നതാണ്.

നാഗരുകാവ്:-
ദേവിക്ഷേത്ര ചുറ്റുമതിലിനു വെളിയിലായി ക്ഷേത്രം വക നാഗർകാവും കുളവും സ്ഥിതി ചെയ്യുന്നു. അനേകം വൃക്ഷലതാദികളും അനവധി ഔഷധസസ്യങ്ങളും നിറഞ്ഞതാണ് ഈ നാഗർകാവ്. തിരുവനന്തപുരം നഗരത്തിലെ ക്ഷേത്രങ്ങളിൽ വച്ചു് ഏറ്റവും വലിയ നാഗർകാവ് എന്നുള്ള പേര് ഈ നാഗർകാവിനാണ്. ഭക്തജനങ്ങൾക്ക് സർപ്പദോഷം മാറി സന്താനഭാഗ്യത്തിനായി എല്ലാ മാസവും ആയില്യം നാളിൽ നാഗർകോവിൽ ആയില്യപൂജയും, നൂറുംപാലും, നാഗർക്ക് അർച്ചന എന്നിവ നടത്താവുന്നതാണ്. വർഷംതോറും മകരമാസത്തിലെ ആയില്യം നാളിൽ ക്ഷേത്രനാഗർകോവിൽ ആയില്യം ഊട്ടും, കളമെഴുത്തും പാട്ടും, ഭക്തജനങ്ങൾ കൊടുക്കുന്ന ആയിരം പൊങ്കാല നിവേദ്യങ്ങളുമായി കൊണ്ടാടുന്നു. ഇത് മകരമാസത്തിലെ 'വലിയ ആയില്യം ഊട്ട്' എന്ന് അറിയപ്പെടുന്നു.

അന്നപൂർണ്ണേശ്വരി ക്ഷേത്രം:-
ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഒരു പ്രത്യേക ക്ഷേത്രസമുച്ചയമാണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം. ഇവിടെ പ്രത്യേകം ശ്രീകോവിലുകളിൽ അന്നപൂർണ്ണേശ്വരി, യോഗീശ്വരൻ, നാഗർ എന്നീ പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിലെ പൂയം നാളിൽ ഇവിടെ പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നു. എല്ലാ ചൊവ്വയും വെള്ളിയും ഞായറും പ്രത്യേക ക്ഷേത്ര ആണ്ടു വിശേഷങ്ങൾക്കും ഇവിടെ രാവിലെ 7.30 ന് നടതുറന്നു പൂജകളും നിവേദ്യങ്ങളും ദീപാരാധനയും നടത്തുന്നു. അർച്ചന, പായസനിവേദ്യം, പട്ട്, പൂമാല എന്നിവ ഇവിടെ നേർച്ചയായി സമർപ്പിക്കാവുന്നതാണ്.
ക്ഷേത്ര തറവാട് (കാട്ടിലെ വീട്):-
ഇവിടെ ക്ഷേത്ര ആണ്ടുവിശേഷമായ ചിത്രാപൌർണമിക്ക് 'അഹോരാത്ര രാമായണ പാരായണവും, ഭക്തർക്ക് കഞ്ഞിവീഴ്ത്തും നടത്തുന്നു. ഉത്സവദിവസം പ്രത്യേക പൂജകളും നടത്തപ്പെടുന്നു. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ദേവിസങ്കൽപ്പമാണ് ഈ ക്ഷേത്രത്തിൽ കാണുന്നത്. ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ, ചാമുണ്ഡിദേവിയുടെ മൂന്നു ഭാവത്തിലുള്ള ആരാധനയാണ് പൂർവ്വികകാലംമുതൽ നിലനിൽക്കുന്നത്. ദേവചൈതന്യങ്ങളിൽ ശക്തിസ്വരൂപിണിയും , ശതൃസംഹാരിണിയും, വിളിച്ചാൽ വിളികേൾക്കുന്ന കരിക്കകത്തമ്മയുമായാണ് അനുഭവസ്ഥർക്കിടയിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്. അതുപോലെ മറ്റുള്ള അമ്പലങ്ങളിൽ നിന്നും വ്യത്യസ്തമായി ദേവി പ്രതിഷ്ഠയും ഉപദേവന്മാരുടെ പ്രതിഷ്ഠയും എല്ലാം തന്നെ കിഴക്കോട്ടാണ് ദർശനം..........................ആത്ദ്ധ്യാത്മിക കാര്യങ്ങൾ / നല്ല അറിവുകൾ പങ്ക വെയ്ക്കുക , വരുംതലമുറയ്ക്ക പറഞ്ഞു കൊടുക്കാൻ നമുക്ക് അറിവുകൾ ശേഖരിച്ചുവെയ്ക്കാം. അറിവുകൾ ഓരോ ഭവനങ്ങളിലും എത്തണം എന്നതാണ് എന്റെ ഒരു എളിയ  പ്രയത്നം ........ നമ്മുടെ അമൂല്യമായ ആത്ദ്ധ്യാത്മിക അറിവുകൾ / നല്ല അറിവുകൾ പങ്കുവെക്കുക . സമാന ചിന്താഗതിക്കാരെയും വിശ്വാസികളെയും ഇതില്‍ പങ്കാളികള്‍ ആക്കുകാ…. ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മുഴുവനും എന്റേതല്ല . ഈ കുറിപ്പുകള്‍ പണ്ടു ഞാന്‍ വായിച്ചതും കേട്ടറിഞ്ഞതും പിന്നെ ഇന്റെര്നെനറ്റില്‍ നിന്നും പരതിയെടുത്തതുമായ കുറേയേറേ കാര്യങ്ങളുടെ സംക്ഷിപ്തരൂപമാണു. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാവാം. അറിയാവുന്നവര്‍ തിരുത്തിത്തരുക...
=============================
അമ്മെ ശരണം ദേവി ശരണം
കരിക്കക്കത്തമ്മേ ശരണം .....
=============================

No comments:

Post a Comment