Saturday, August 18, 2018

ശബരിമല സന്നിധാനത്തിലെ മഹാ ആഴി.

******************************************

സ്വാമിയേ ശരണം അയ്യപ്പ

ശബരിമല സന്നിധാനത്തിൽ  പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്നികുണ്ഡമാണ് മഹാ ആഴി. ആകാശത്തോളം പടരുന്ന അഗ്നിസ്ഫുലിംഗങ്ങൾ സന്നിധാനത്തിലെത്തുന്ന അയ്യപ്പ ഭക്തർക്ക് ചൈതന്യമേകുന്ന കാഴ്ചയാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ അപൂർവതകളിലൊന്ന്.

വ്രതശുദ്ധിയുടെ നിറവിൽ  കാനനപാതയുടെ കാഠിന്യമളന്ന പാദങ്ങളുമായി സന്നിധാനത്തണയുന്ന ഭക്തർ അയ്യപ്പ ദർശനം പൂർത്തിയാക്കി നിർവൃതിയോടെ മടങ്ങുമ്പോൾ ആഴിയിലേക്ക് നാളികേരമെറിയുന്നു.

ശരണമന്ത്രങ്ങളോടെ ഇരുമുടിക്കെട്ടിൽ  നെയ്ത്തേങ്ങയുമായി മലയിലെത്തുന്ന സ്വാമിമാർ നെയ്യ് ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹത്തിൽ  അഭിഷേകത്തിനായി സമർപ്പിക്കുന്നു. തേങ്ങയുടെ കഷ്ണങ്ങൾ മഹാ ആഴിയിലെറിയുകയും ചെയ്യുന്നു. ഇരുമുടിയിലെ നെയ്ത്തേങ്ങ ജീവാത്മാവാണെന്നാണ് സങ്കൽപം. നെയ്യ് അഭിഷേകം ചെയ്യുമ്പോൾ ജീവാത്മാവ് അയ്യപ്പനിൽ  വിലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡ ശരീരമായി കരുതി അത് ആഴിയിൽ  എരിക്കുകയാണ്.

ദർശനകാലത്ത് രാപകൽ  ഭേദമെന്യേ ഇടമുറിയാതെ വീഴുന്ന നാളികേരം എരിയുന്ന അഗ്നിശോഭയിൽ  ഈ മഹാ അഗ്നികുണ്ഡം കൊടുംകാടിന്റെ  ഉച്ചിയിൽ  വിശ്വാസത്തിന്റെ ചൂടും വെളിച്ചവും പകർന്ന്  ആഞ്ഞുകത്തും.  മണ്ഡലകാലം തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി……

സ്വാമിയേ ശരണം അയ്യപ്പാ

No comments:

Post a Comment