ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
ആരണ്യകാണ്ഡം
അനന്തരം ദാശരഥികൾ രണ്ടു പേരും ശബര്യാശ്രമത്തിൽ എത്തി. മനോഹരമായ ആ വനവിഭാഗത്തിൽ വർഗ്ഗവിദ്വേഷമോ ജാതിവൈരമോ ഇല്ലാതെ പക്ഷിമൃഗാദികൾ ആനന്ദമായി കഴിയുന്നു. ആശ്രമപരിസരത്ത് എത്തിയ രാമലക്ഷ്മണന്മാരെ ശബരിതാപസി ആദരപൂർവ്വം എതിരേറ്റ് സ്വാശ്രമത്തിലിരുത്തി അർഘ്യപാദ്യാദികൾ കൊണ്ട് പൂജിച്ചശേഷം ഫലപക്വകന്ദമൂലദലജലാദ്യങ്ങളാൽ യഥായോഗ്യം സല്ക്കരിച്ച് സാഷ്ടാംഗപ്രണാമം ചെയ്ത് തിരുമുമ്പിൽ നിലകൊണ്ടു.
ശ്രീരാമൻ ശബരിയോടു ചോദിച്ചു മാതാവേ! ഭവതിയുടെ അകൃത്രിമഭക്തിയിലും അതിഥിസൽക്കാരാസക്തിയിലും ഞങ്ങൾ അത്യന്തം സന്തുഷ്ടനായിരിക്കുന്നു. ഇനി ഭവതി ആരാണെന്നും തപോനിഷ്ഠ സ്വീകരിച്ചത് എന്തുദ്ദേശിച്ചാണെന്നും അറിയാൻ ആശിക്കുന്നു. ശബരി പറഞ്ഞു താൻ ചിത്രകവചൻ എന്ന ഗന്ധർവരാജാവിന്റെ ഏകപുത്രിയായ മാലിനിയാണ്. വീതിഹോത്രൻ എന്ന മഹാശ്രോതിയനായ ഒരു ഗന്ധർവരാജകുമാരനെ പരിണയിച്ചു . മഹാബ്രഹ്മജ്ഞാനിയായ അദ്ദേഹത്തിന്റെ ധർമ്മപത്നിപദം സിദ്ധിച്ചിട്ടും കല്മാഷൻ എന്ന കിരാതനെ കാമുകനാക്കി ഭർത്താവിനെ വഞ്ചിച്ച മാലിനിയെ ഭർത്താവ് "കാട്ടാളകാമുകിയായിത്തീരട്ടെ" എന്ന് ശപിച്ചു.
ശാപമോചനം യാചിച്ച മാലിനിയ്ക്ക് ശ്രീരാമദേവനിൽ നിന്നും കളങ്ക പരിഹാരവും ശാപമോചനവും ലഭിക്കുമെന്ന് അനുഗ്രഹിച്ചു. അങ്ങനെ കാട്ടാളത്തിയായി ശബരസങ്കേതമായ ഈ ഗിരിയിലെത്തി താപസ്വികളെ ശുശ്രൂഷിച്ച് തപശ്ചര്യം അഭ്യസിച്ചും കഴിഞ്ഞു. തപസ്വികൾ ബ്രഹ്മപദം പ്രാപിക്കുമുമ്പ് "ശ്രീരാമദർശനവും ശാപമോഷവും ഉടനെ സംഭവിക്കുമെന്നും അപ്രത്യക്ഷങ്ങളും ഭൂതഭാവികളും കണ്ടറിയാനുളള ദിവ്യദൃഷ്ടി ഉണ്ടാകുമെന്നും ആശംസയും വരവും തന്നു. അങ്ങ് ശ്രീരാമദേവനാണെന്നും ഇപ്പോൾ പരാപഹൃതദാരാന്വേഷണം നടത്തുകയാണെന്നും ഞാൻ സൂക്ഷമമായി ധരിച്ചു കഴിഞ്ഞു.
ശബരി പറഞ്ഞു ഇവിടെ നിന്നും കുറേ തെക്കോട്ടുചെല്ലുമ്പോൾ പമ്പയെന്നൊരു സുന്ദരസരസ്സുകാണും. അവിടുന്ന് കുറച്ചു ദൂരം കൂടിപ്പോയാൽ ഋശ്യമൂകമെന്ന ഒരു പർവതത്തിലെത്താം. അവിടെ സൂര്യപുത്രനായ സുഗ്രീവൻ നാലു വാനരസഹായികളുമായി വസിക്കുന്നു. സുഗ്രീവനുമായി സഖ്യം ചെയ്ത് സീതയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനും ശത്രുസംഹാരത്തിനും സാധിക്കും. പരമവൃദ്ധയായ ശബരിതാപസി ധ്യാനനിമീലിതലോചനയായി. അവർ അതിസുന്ദരിയായ ഗന്ധർവകുമാരി ശ്രീമാലിനിദേവിയായിത്തീർന്നു. അവിടെ എത്തിയ മാലിനിയുടെ ഭർത്താവായ വീതിഹോത്രനുമായി ശ്രീരാമനെ വന്ദിച്ചശേഷം ഗന്ധർവനഗരിയിലേയ്ക്ക് യാത്രയായി. രാമലക്ഷ്മണന്മാർ വീണ്ടും തെക്കോട്ട് യാത്ര തുടർന്നു.
ആരണ്യകാണ്ഡം സമാപ്തം
( തുടരും. )