Saturday, December 19, 2020

ശ്രീമദ് നാരായണീയം - ദശകം 60

ഗോപിവസ്ത്രാപഹാരവര്ണ്ണനം

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 60 / 1
******************
മദനാതുര ചേതസോന്യഹം ഭവദംഘ്രിദ്വയദാസ്യ കാമ്യയ
യമുനാതടസീമ്നി സൈകതീം
തരലക്ഷ്യോ ഗിരിജാം സമാര്ച്ചിചന്
അർത്ഥം :-
************
ദിവസംതോറും കാമാര്ത്തിയാല് വിവശമായ ചിത്തത്തോടുകൂടിയ ആ ചഞ്ചലാക്ഷികള് അങ്ങയുടെ കാലണികളെ ശുശ്രൂഷിക്കുന്നതിന്നാഗ്രഹിക്കുകയാല് യമുനാനദീതീരത്തില് മണല്ക്കൊണ്ടു നിര്മ്മിക്കപ്പെട്ട ശ്രീപാര്വ്വതിവിഗ്രഹത്തെ വഴിപോലെ പൂജിച്ചുവന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 2
*****************
തവ നാമ കഥാരതാഃസമം സുദൃശഃ പ്രാതരുപാഗതാഃ നദിം
ഉപഹാരശതൈരപുജയന് ദയിതോ നന്ദസുതോ ഭവേദിതി
അർത്ഥം :-
************
ആ സുന്ദരിമാര് അങ്ങയുടെ നാമകഥകളില് അഭിരുചിയോടുകൂടിയവരായി പുലര്കാലത്ത് ഒരുമിച്ച് യമുനാനദിയെ പ്രാപിച്ച് “നന്ദാത്മജന് പ്രിയതമനായി വരേണമേ” എന്ന് സങ്കല്പിച്ച് അനവധി പൂജാദ്രവ്യങ്ങളാല് പൂജിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 3
****************
ഇതി മാസമുപാഹിതവ്രതാഃ തരളാക്ഷീരഭിവീക്ഷ്യ താ ഭവാന്
കരുണാമൃദുലോ നദീതടം സമയാസീത്തദരുഗ്രഹേച്ഛയാ
അർത്ഥം :-
***********
ഇങ്ങിനെ ഒരു മാസകാലം വ്രതമനുഷ്ഠിച്ച ആ വനിതാമണികളെ കണ്ടിട്ട് നിന്തിരുവടി കരുണാര്ദ്രനായി അവരെ അനുഗ്രഹിക്കേണമെന്ന ആഗ്രഹത്തോടു കൂടി യമുനാനദീതീരത്തില് ചെന്നുചേര്ന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 4
*****************
നിയമാവസിതൗ നിജാംബരം തടസിമന്യവമുച്യ താസ്തദാ
യമുനാജല ഖേലനാകുലാഃ പുരതസ്ത്വാമവലോക്യ ലജ്ജിതാഃ
അർത്ഥം :-
***********
വ്രതാവസാനത്തില് തങ്ങളുടെ വസ്ത്രങ്ങളെ നദീതീരത്തില് അഴിച്ചുവെച്ച് അവര് യമുനയിലെ ജലത്തില് ക്രീഡിക്കുന്നതില് ഉദ്യുക്തരായി; ആ സമയം മുന്ഭാഗത്തായി നിന്തിരുവടിയെ കണ്ടിട്ട് ലജ്ജയോടു കൂടിയവരായിത്തീര്ന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 5
*****************
ത്രപയാ നമിതാനനാസ്വഥോ
വനിതാ, സ്വംബരജാലമന്തികേ
നിഹിതം പരിഗൃഹ്യ ഭൂരുഹോ
വിടപം ത്വം തരസാധിരൂഢവാന്
അർത്ഥം :-
************
ആ തരുണികള് സങ്കോചത്തോടെ തല താഴ്ത്തിക്കൊണ്ടുനിന്ന സമയം നിന്തിരുവടി സമീപത്തിലായി വെയ്ക്കപ്പെട്ടിരുന്ന വസ്ത്രങ്ങളെ വാരിയെടുത്ത് മരക്കൊമ്പില് വേഗം ചെന്നു കയറി.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 6
*****************
ഇഹ താവദുപേത്യ നീയതാം വസനം വഃസുദൃശോ യഥായഥം
ഇതി നര്മ്മമൃദുസ്മിതേ ത്വയി
ബ്രൂവതി വ്യാമുമുഹേ വധൂജനൈഃ
അർത്ഥം :-
***********
സുന്ദരിമാരെ! ഇവിടെത്തന്നെ വന്നു നിങ്ങളുടെ വസ്ത്രം അവരവരുടേതു വാങ്ങിക്കൊണ്ടു പൊയ്ക്കൊള്വിന് എന്നിങ്ങിനെ നിന്തിരുവടി കളിയായി മന്ദഹസിച്ചു കൊണ്ടു പറഞ്ഞപ്പോള് ഗോപികള് വളരെ വിഷമിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 7
****************
അയി! ജീവ ചിരം കിശോര ! നസ്തവ ദാസീരവശീകരോഷി കിം?
പ്രദിശാംബരമംബുജേക്ഷണേത്യു ഉദിതസ്ത്വം സ്മിതമേവ ദത്തവാന്
അർത്ഥം :-
************
‘ഹേ ബാല! ദീര്ഘായുസ്സായിരിക്കുക! നിന്റെ ഇഷ്ടമനുസരിച്ചു നടക്കുന്നവരായ ഞങ്ങളെ എന്തിനാണ് കുഴക്കുന്നത്? ചെന്താമരാക്ഷ! വസ്ത്രം തന്നേക്കു,’ എന്നിങ്ങിനെ അപേക്ഷിക്കപ്പെട്ട നിന്തിരുവടി ഒന്നു മന്ദഹസിക്കുകമാത്രം ചെയ്തു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 8
*****************
അധിരുഹ്യ തടം കൃതാഞ്ജലീഃ
പരിശുദ്ധാഃ സ്വഗതീര് നിരിക്ഷ്യ താഃ
വസനാന്യഖിലാന്യനുഗ്രഹം
പുനരേവം ഗിരമപ്യദാ മുദ
അർത്ഥം :-
************
കരയ്ക്കുകയറി കൈകുപ്പിക്കൊണ്ട് നിഷ്കളങ്കരായി തന്നെതന്നെ ശരണം പ്രാപിച്ചവരായി നില്ക്കുന്ന അവരെ കണ്ടിട്ടു നിന്തിരുവടി സംതൃപ്തിയോടെ എല്ലാ വസ്ത്രങ്ങളേയും എന്നല്ല അനുഗ്രഹ രുപത്തിലുള്ള ഇങ്ങിനെയുള്ള വാക്കിനേയും കൊടുത്തരുളി.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 9
****************
വിദിതം നനു വോ മനീഷിതം വദിതാരസ്ത്വിഹ യോഗ്യമുത്തരം
യമുനാപുളിനേ സചന്ദ്രികാഃ ക്ഷണദാ ഇത്യബലാസ്ത്വകുചിവാന്
അർത്ഥം :-
************
ഗോപിക്കളെ! നിങ്ങളുടെ അഭിലാഷം എന്നാല് മനസ്സിലാക്കപ്പെട്ടു. യമുനാനദിയുടെ മനോഹരമായ മണല്ത്തിട്ടില്വെച്ച് കുളുര്നിലാവിണങ്ങിയ രാത്രികള് ഇതിന്നു ശരിയായ ഉത്തരം പറഞ്ഞുതരുന്നതായിരിക്കും എന്നിങ്ങിനെ നിന്തിരുവടി ആ തരുണികളോട് അരുളിച്ചെയ്തു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 10
******************
ഉപകര്ണ്ണ്യ ഭവന്മുഖച്യുതം
മധുനിഷ്യന്ദി വചോ മൃഗിദൃശഃ
പ്രണയാദയി! വീക്ഷ്യ വീക്ഷ്യ തേ
വദനാംബ്ജം ശനകൈര്ഗൃഹം ഗതാഃ
അർത്ഥം :-
************
ഹേ മോഹനാംഗ ! ഹരിണേക്ഷകളായ ഗോപികള് അങ്ങയുടെ വദനത്തില്നിന്നും പൊഴിഞ്ഞ തേനോഴുകുന്ന വാക്യത്തെ കേട്ടിട്ട് പ്രേമാതിശയംമൂലം അങ്ങയുടെ മുഖാംബുജത്തെ നോക്കി മന്ദം മന്ദം ഭവനങ്ങളിലേക്കു ഗമിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 60 / 11
******************
ഇതി നന്വനുഗൃഹ്യ വല്ലവിഃ
വിപിനാന്തേഷു പുരേവ സഞ്ചരന്
കരുണാ-ശിശിരോ ഹരേ !
ഹര ത്വരയാ മേ സകലാമയാവലിം
അർത്ഥം :-
************
അല്ലേ കൃഷ്ണ! ഇങ്ങിനെ ഗോപികളെ അനുഗ്രഹിച്ചിട്ട് പണ്ടെത്തെപ്പോലെ വനപ്രദേശങ്ങളില് സഞ്ചരിക്കുന്നവനായി കാരുണ്യശീതളനായ നിന്തിരുവടി എന്റെ സകലവിധമായ ദുഃഖങ്ങളേയും വേഗത്തില് ഇല്ലാതാക്കേണമേ !
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ഗോപി
വസ്ത്രാപഹാര വര്ണ്ണനം എന്ന
അറുപതാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:

Post a Comment