അക്രൂര യാത്രാവൃത്താന്തവര്ണ്ണനം
ശ്ലോകം :- 72 / 1
*****************
കംസോഥ നാരദഗിരാ വ്രജവാസിനം ത്വാം
ആകര്ണ്ണ്യ ദീര്ണ്ണഹൃദയഃസ ഹി ഗാന്ദിനേയം
ആഹൂയ കാര്മ്മുകമഖച്ഛലതോ ഭവന്തം
ആനേതുമേനമഹിനോദഹിനാഥശായിന് !
അർത്ഥം :-
*************
ശേഷതല്പത്തില് പള്ളികൊള്ളുന്ന ദേവ ! അതിന്നുശേഷം നാരദന് പറഞ്ഞതില്നിന്നു നിന്തിരുവടിയെ അമ്പാടിയില് നിവസിക്കുന്നവനായി കേട്ട് ആ ഭോജേശ്വരനായ കംസന് മനം കലങ്ങിയവനായി ഗാന്ദിനീപുത്രനായ അക്രൂരനെ വിളിച്ച് ധനുര്യ്യാഗമെന്ന വ്യാജേന നിന്തിരുവടിയെകൂട്ടി കൊണ്ടുവരുന്നതിന്നു ഇവനെ നിയോഗിച്ചയച്ചു.






ശ്ലോകം :- 72 / 2
****************
അക്രൂര ഏഷ ഭവംദംഘ്രിപരശ്ചിരായ
ത്വദ്ദര്ശനാക്ഷമമനാഃ ക്ഷിതിപാലഭീത്യാ
തസ്യാജ്ഞയൈവ പുനരീക്ഷിതുമുദ്യതസ്ത്വാം
ആനന്ദഭാരമതിഭൂരിതരം ബഭാര
അർത്ഥം :-
************
വളരെക്കാലമായി നിന്തിരുവടിയുടെ തൃപ്പാദങ്ങളെ ഭജിച്ചുകൊണ്ടും ഭോജശ്വരനെയുള്ള ഭയംനിമിത്തം നിന്തിരുവടിയെ വന്നു കാണ്മാന് കഴിവില്ലാതെ മനസ്സുഴറിക്കൊണ്ടും കഴിഞ്ഞിരുന്ന ഈ അക്രൂരന്റെ ഇപ്പോള് ആ കംസന്റെ കല്പനകൊണ്ടുതന്നെ നിന്തിരുവടിയെ ദര്ശിപ്പാന് പുറപ്പെട്ടവനായി ഏറ്റവും വര്ദ്ധിച്ച ആനന്ദാതിശയത്തെ ഉള്ക്കൊണ്ടു.






ശ്ലോകം :- 72 / 3
****************
സോയം രഥേന സുകൃതീര് ഭവതോ നിവാസം
ഗച്ഛന് മനോരഥഗണാംസ്ത്വയി ധാര്യ്യമാണാന് ആസ്വാദയന് മുഹുരപായഭയേന ദൈവം
സംപ്രാര്ത്ഥയന് പഥി ന കശ്ചിദപി വ്യജാനാത്
അർത്ഥം:-
************
പുണ്യംചെയ്തവനായ ആ അക്രൂരന് നിന്തിരുവടിയുടെ വാസസ്ഥലമായ അമ്പാടിയിലേക്ക് തേരില് യാത്രചെയ്യുന്നവനായി നിന്തിരുവടിയെപറ്റി മനസ്സില് ആലോചിക്കെപ്പെടുന്നവയായ മനോരഥങ്ങളെ വീണ്ടും വീണ്ടും ആസ്വദിച്ചുകൊണ്ടും (അങ്ങയെ കുടുക്കിലാക്കേണമെന്നുദ്ദേശത്തോടുകൂടിയുള്ള സന്ദേശവും വഹിച്ചുകൊണ്ടു പൊക്കുന്നവനാകകൊണ്ട്) അപായം വല്ലതും സംഭവിച്ചേക്കുമോ എന്ന ഭയത്താല് ഈശ്വരനെ പ്രാര്ത്ഥിച്ചുകൊണ്ടു വഴിയില് യാതൊന്നുംതന്നെ അറിഞ്ഞില്ല.






ശ്ലോകം :- 72 / 4
*****************
ദ്രക്ഷ്യാമി വേദശതഗീതഗതിം പൂമാംസം
സ്പ്രക്ഷ്യാമി കിംസ്വിദപി നാമ പരിഷ്വജേയം കിം വക്ഷ്യതേ സ ഖലു മാം ക്വനു വീക്ഷിതഃസ്യാത് ഇത്ഥം നിനായ സ ഭവന്മയമേവ മാര്ഗ്ഗം
അർത്ഥം :-
*************
വേദങ്ങളാല് ഗാനംചെയ്യപ്പെട്ട പ്രാപ്യമാര്ഗ്ഗത്തോടുകൂടിയ പുരുഷനെ എനിക്കു കാണുവാന് സാധിക്കൂമോ? സ്പര്ശിക്കുവാന് സാധിക്കുമോ? ഭക്തവത്സലനായ അദ്ദേഹത്തിന്റെ ആലിംഗനസുഖം അനുഭവിക്കുവാന് ഭാഗ്യം ലഭിക്കുമോ? ആ പരമാത്മാവ് എന്താണ് അരുളിചെയ്യുക? തൃക്കണ്പാര്ത്തളുമോ? എന്നിങ്ങിനെ വഴിയെല്ലാം നിന്തിരുവടിയുടെ ചിന്തകള്കൊണ്ടുതന്നെ കടന്നുവന്നു.






ശ്ലോകം :- 72 / 5
*****************
ഭൂയഃ ക്രമാദഭിവിശന് ഭവദംഘ്രിപൂതം
വൃന്ദാവനം ഹരവിരിഞ്ച സുരാഭിവന്ദ്യം
ആനന്ദമഗ്ന ഇവ ലഗ്ന ഇവ പ്രമോഹേ
കിം കിം ദശാന്തരമവാപ ന പങ്കജാക്ഷ !
അർത്ഥം:-
************
അല്ലേ കമലാക്ഷ! അങ്ങയുടെ പാദസ്പര്ശമേറ്റ് പരിശുദ്ധമായി, ശിവന്‍, ബ്രഹ്മാവ് മുതലായ ദേവന്മാരെന്നിവരാല് വന്ദിക്കപ്പെട്ടതായുമിരിക്കുന്ന വൃന്ദവനപ്രദേശത്തില് പിന്നീട് ക്രമത്തില് വന്നെത്തിയവനായ ആ അക്രൂരന് പരമാനന്ദത്തില് മുഴുകിയവനെന്ന പോലെയും മോഹത്തില് ലയിച്ചവനെന്ന പോലെയും എതേതവ സ്ഥാന്തരത്തെ പ്രാപിച്ചില്ല ?






ശ്ലോകം :- 72 / 6
*****************
പശ്യന്നവന്ദത ഭവദ്വിഹൃതിസ്ഥലാനി
പാംസുഷ്വവേഷ്ടത ഭവച്ചരണാങ്കിതേഷു
കിം ബ്രൂമഹേ, ബഹുജനാ ഹി തദാപി ജാതാഃ
ഏവം തു ഭക്തിതരളാ വിരളഃ പരാത്മന് !
അർത്ഥം :-
*************
ഹേ പരമാത്മസ്വരുപിന് ! നിന്തിരുവടിയുടെ ക്രീഡാസ്ഥലങ്ങളെ നോക്കി ക്കാണുന്നവനായ ആ അക്രൂരന് സമസ്കരിച്ചു; നിന്തിരുവടിയുടെ തൃപ്പാദങ്ങള് പതിഞ്ഞുകണ്ട സ്ഥലങ്ങളിലെ പൊടികളില് കിടന്നുരുണ്ടു; ഞങ്ങളെന്തുപറയട്ടെ; അക്കാലത്തും വളരെ ജനങ്ങള് ജന്മമെടുത്തിട്ടുണ്ടല്ലോ; എന്നാല് ഇതുപോലെ ഭക്തികൊണ്ടു പരവശരായിട്ടുള്ളവര് ചുരുക്കം തന്നെയായിരുന്നു.






ശ്ലോകം :- 72 / 7
****************
സായം സ ഗോപഭവനാനി ഭവച്ചരിത്ര
ഗീതമൃത പ്രസൃത കര്ണ്ണരസായനാനി
പശ്യന് പ്രമോദസരിതേവ കീലോഹ്യമനോ
ഗച്ഛന് ഭവദ്ഭവനസന്നിധിമന്വയാസീത്
അർത്ഥം:-
************
ആ അക്രൂരന് സന്ധ്യാസമയത്ത് അങ്ങയുടെ അദ്ഭുതചരിതങ്ങള് കോര്ത്തിണക്കിയ ഗാനമാകുന്ന അമൃതം ചെവിക്കു ഇമ്പം നല്കുമാറ് പ്രസരിച്ചുകൊണ്ടിരുന്ന ഗോപഗേഹങ്ങളെ നോക്കിക്കോണ്ട പരമാനന്ദദീപ്രവാഹംകൊണ്ടുതന്നെ വഹിച്ചു കൊണ്ടുപോകപ്പെടുന്നവനോ എന്നു തോന്നുമാറ് നടന്നുകൊണ്ട് നിന്തിരുവടിയുടെ ഗൃഹത്തിന്നു സമീപം എത്തിചേര്ന്നു.






ശ്ലോകം :- 72 / 8
****************
താവദ്ദദര്ശ പശുദോഹവിലോകലോലം
ഭക്തോത്തമാഗതിമിവ പ്രതിപാലയന്തം
ഭൂമന് ! ഭവന്തമയമഗ്രജവന്തമന്തഃ
ബ്രഹ്മാനുഭൂതിരസസിന്ധുമിവോദ്വമന്തം
അർത്ഥം :-
************
സര്വ്വേശ്വരാ! ആ സമയം ഈ അക്രൂരന് പശുവിനെ കറക്കുന്നത് കാണുന്നതില് കൗതുകത്തോടുകൂടിയവനായി ഉത്തമഭക്തന്മരുടെ ആഗമനത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവനോ എന്നു തോന്നുമാറ് ജ്യേഷ്ഠനോടുകൂടിയിരിക്കുന്ന നിന്തിരുവടിയെ ഹൃദയന്തര്ഭാഗത്ത് ബ്രഹ്മാനന്ദരസത്തെ പുറത്തേക്ക് പ്രകാശിപ്പിക്കുന്നവനെന്നു തോന്നുമാറ് ദര്ശിച്ചു.






ശ്ലോകം :- 72 / 9
*****************
സായന്തനാപ്ലവ വിശേഷവിവിക്തഗാത്രൗ
ദ്വൗ പീതനീലരുചിരാംബരലോഭനീയൗ
നാതിപ്രപഞ്ചധൃതഭൂഷണചാരൂവേഷൗ
മന്ദസ്മിതാര്ദ്രവദനൗ സ യുവാം ദദര്ശ
അർത്ഥം:-
***********
ആ അക്രൂരന് സായംസന്ധ്യാസമയത്തിലെ സ്നാനംകൊണ്ടു വിശേഷണ നിര്മ്മലമായ ദേഹത്തോടുകൂടിയവരായി മഞ്ഞ, നീല എന്നീ നിറങ്ങളോടുകൂടിയ ഭംഗിയുള്ള വസ്ത്രംങ്ങള്കൊണ്ട് മനോഹരന്മരായി മിതമായ ആഭരണങ്ങളണിഞ്ഞ് ശോഭിക്കുന്നവരായി മന്ദസ്മിതംകൊണ്ട് കുളുര്മയിണങ്ങിയ മുഖത്തോടു കൂടിയവരായിരിക്കുന്ന നിങ്ങളിരുവരേയും ദര്ശിച്ചു.






ശ്ലോകം :- 72 / 10
******************
ദൂരാദ്രഥാത് സമവരൂഹ്യ നമന്തമേന
മുത്ഥാപ്യ ഭക്തകുലമൗലിമഥിപഗൂഹന്
ഹര്ഷാന്മിതാക്ഷരഗിരാ കുശാലാനുയോഗി
പാണിം പ്രഗൃഹ്യ സ ബലോഥ ഗൃഹം നിനേഥ
അർത്ഥം:-
************
അനന്തരം തേരില്നിന്നു താഴത്തിറങ്ങി വളരെ ദുരത്തുനിന്നുതന്നെ നമസ്കരിക്കുന്ന ഭക്തകുലോത്തംസമായ ഈ അക്രൂരനെ ബലരാമനോടുകൂടിയ നിന്തിരുവടി എടുത്തെഴുനേല്പിച്ചു സന്തോഷത്തോടുകൂടി ആലിംഗനംചെയ്തിട്ട് അതില്പിന്നെ മിതാക്ഷരങ്ങളോടുകൂടിയ വാക്കുകളാല് കുശലം ചോദിച്ചുകൊണ്ട് കയ്യുംപിടിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.






ശ്ലോകം :- 72 / 11
******************
നന്ദേന സാകമമിതാദമര്ച്ചയിത്വാ
തം യാദവം, തദുദിതാം നിശമയ്യ വാര്ത്താം
ഗോപേഷു ഭൂപതിനിദേശകഥാം നിവേദ്യ
നാനാകഥാഭിരിഹ തേന നിശാമനൈഷീഃ
അർത്ഥം :-
*************
നന്ദഗോപനോടുകൂടി ആ യാദവനായ അക്രൂരനെ ഏറ്റവും ആദരവോടുകൂടി സല്ക്കരിച്ച് അദ്ദേഹത്താല് പറഞ്ഞറിയിക്കപ്പെട്ട സന്ദേശത്തെ കേട്ട് രാജാവായ കംസന്റെ ആജ്ഞാവാക്യത്തെ ഗോപന്മാരെ മനസ്സിലാക്കി; ആ അക്രൂരനോടുകൂടി ഇവിടെ പല കഥകളെയുംകൊണ്ട് രാത്രിയെ കഴിച്ചുകൂട്ടി.






ശ്ലോകം :- 72 / 12
*******************
ചന്ദ്രാഗൃഹേ കിമുത ചന്ദ്രഭഗാഗൃഹേ നു
രാധാഗൃഹേ നു ഭവനേ കിമു മൈത്രവിന്ദേ
ധൂര്ത്തോ വിളംബത ? ഇതി പ്രമാദാഭിരുച്ചൈഃ
ആശങ്കിതോ നിശി മരുത്പുരനാഥ ! പായാഃ
അർത്ഥം :-
************
ചന്ദ്രയുടെ ഗൃഹത്തിലാണോ, അതല്ല ചന്ദ്രഭഗയുടെ വീട്ടിലായിരിക്കുമോ, രാധയുടെ ഭവനത്തില് തന്നെയായിരിക്കുമോ, അതോ മിത്രവിന്ദയുടെ ഗൃഹത്തിലായിരിക്കാമോ ധൂര്ത്തനായ കൃഷ്ണന് താമസിക്കുന്നത്? എന്നിങ്ങിനെ ആ രാത്രിയില് ഗോപവനിതമാരാല് ഏറ്റവും ശങ്കിക്കപ്പെട്ടവനായ നിന്തിരുവടി ഹേ വാതാലയേശ! എന്നെ രക്ഷിച്ചാലും.












ശ്രീമദ് നാരായണീയം അക്രൂരയാത്രാഗമന വൃത്താന്തവര്ണ്ണനം എന്ന എഴുപത്തിരണ്ടാം ദശകം സമാപ്തം












ഓം നമോ നാരായണായ
No comments:
Post a Comment